കൊച്ചി: നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആക്രമണത്തിനിരയായ നടി. കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിട്ടുണ്ട്.

തന്റെ സ്വകാര്യത മാനിക്കണമെന്നും കുറ്റാരോപിതനു ദൃശ്യങ്ങള്‍ കര്‍ശന ഉപാധികളോടെയാണെങ്കിലും കൈമാറരുതെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കി.

Read Also: ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദുരുപയോഗിക്കും; ദിലീപിനെതിരെ നടി സുപ്രീം കോടതിയില്‍

പ്രതിയെന്ന നിലയിൽ നടന് ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളൂവെന്നും നടി കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ലഭിക്കാൻ ഏത് ഉപാധിക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്. ദൃശ്യങ്ങൾ കെെമാറിയാൽ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നും നടി കോടതിയെ രേഖാമൂലം അറിയിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് നടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

Read Also: പടച്ചോൻ ഉണ്ട്ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് കയ്യടി നേടി ഷെയ്ൻ നിഗം

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹർജി ഇപ്പോൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളുകയായിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പായ ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.

മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ദി​ലീ​പ് സു​പ്രീം ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.