കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമിക വാദം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. വനിത ജഡ്ജി അധ്യക്ഷയായ സിബിഐ കോടതിയാണ് കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്.

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യപ്രതി സുനില്‍ കുമാര്‍ അടക്കം എട്ട് പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. ഗൂഢാലോചന കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. മുഴുവന്‍ പ്രതികളോടും ഏപ്രില്‍ അഞ്ചിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി നിർദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.

അതേസമയം, കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഏപ്രില്‍ മൂന്നിന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Read: നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്‌ജി, ആവശ്യം അംഗീകരിച്ച് ഹൈക്കോടതി

എന്നാല്‍ ആക്രമണദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.