കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജിവച്ചു. പ്രോസിക്യൂട്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് സുരേശൻ ആഭ്യന്തരവകുപ്പ് മുഖേന സർക്കാരിന് കത്ത് നൽകി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുരേശന്റെ രാജി.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഇന്നുമുതൽ പുനഃരാരംഭിക്കാനായിരുന്നു ഹെെക്കോടതി നിർദേശം. കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ സുരേശൻ രാജിവച്ചതോടെ വിചാരണ വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ഹൈക്കോടതി വിധിക്കെതിരെ ഇര സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇരയുടെ ഹർജിക്ക് പിന്നാലെ സർക്കാരും കോടതിയെ സമീപിച്ചേക്കും. കേസിൽ വിചാരണ പ്രഥമിക ഘട്ടത്തിലാണ്. സുരേശന്റെ രാജിയിൽ സർക്കാർ തീരുമാനമെടുക്കും.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണക്കോടതി നടപടികൾ താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സർക്കാരിന്റെയും ഹർജി തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ തിങ്കളാഴ്‌ച മുതൽ പുനഃരാരംഭിക്കാൻ ഉത്തരവിടുകയും ചെയ്‌തിരുന്നു.

നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹെെക്കോടതി തള്ളിയത്. അപ്പീൽ പോകാൻ ഒരാഴ്‌ചത്തേക്ക് വിചാരണ നടപടികളിൽ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യം ഹെെക്കോടതി നിരസിച്ചു. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

Read Also: നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് സിപിഎം; പൊലീസ് നിയമഭേദഗതിയിൽ തിരുത്തലിന് സാധ്യത

പ്രോസിക്യൂഷനും കോടതിയും ഒരുമിച്ചു പോകുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പരാമർശിച്ചിരുന്നു. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി മാറ്റാൻ സർക്കാരും ഇരയും പറയുന്ന കാരണങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

വിചാരണക്കോടതി ജഡ്‌ജിക്കെതിരെ ഇരയും പ്രോസിക്യൂഷനും പരാതി ഉന്നയിച്ചിരുന്നു. ജഡ്‌ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാൻ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ നടിയോട് ആരാഞ്ഞിരുന്നു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികൾ ഉണ്ടായപ്പോൾ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു. എല്ലാത്തിനും എതിർപ്പ് രേഖപ്പെടുത്തേണ്ടെന്ന് തോന്നിയെന്നും എന്നാൽ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ ബോധിപ്പിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook