ന്യൂഡല്‍ഹി: പീഡനക്കേസില്‍ നടന് ദിലീപിനെതിരെ പരാതിക്കാരി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപ് ആവശ്യപ്പെട്ടതിനെതിരെയാണ് പരാതിക്കാരിയായ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് നടി ആവശ്യപ്പെട്ടു. ദിലീപിന് മെമ്മറി കാർഡ് നൽകുന്നതിനെ ശക്തമായി എതിർക്കുകയാണ് പരാതിക്കാരിയായ നടി.
Read Also: മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ?: സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി
ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് നടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ണായ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. മുദ്രവച്ച കവറിലാണ് രേഖകള്‍ നല്‍കിയിരിക്കുന്നത്. സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കുറ്റാരോപിതനായ വ്യക്തി അത് ദുരുപയോഗിക്കുമെന്നും പരാതിക്കാരി നല്കിയ അപേക്ഷയില്‍ പറയുന്നു. നടി നല്കിയ അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും.
മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
Read Also: മുഖം മറച്ച് നയൻതാര, കാരണം വെളിപ്പെടുത്തി വിഘ്നേശ് ശിവൻ
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹർജി ഇപ്പോൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളുകയായിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പായ ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.
മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്കിയാല് ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.