കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്‌താരം തുടരുന്നു. നടി ഭാമയെയാണ് ഇന്നു വിസ്‌തരിക്കുക. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടപടിക്രമങ്ങൾ. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ നടൻ ദിലീപിനുണ്ടായിരുന്ന മുൻ വെെരാഗ്യത്തെ കുറിച്ചാണ് പ്രോസിക്യൂഷൻ സിനിമാ പ്രവർത്തകരിൽ നിന്നു വിവരം ശേഖരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെയാണ് ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി മാറ്റിയത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.
Read Also: കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; ഇന്ത്യയിൽ 30 പേർക്ക് സ്ഥിരീകരിച്ചു
കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു പൊലീസിനു നൽകിയ മൊഴി. എന്നാൽ ഇന്നു നടന്ന വിസ്താരത്തിൽ ബാബു മൊഴി മാറ്റി. ചില കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്ന് ബാബു കോടതിയിൽ പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.
നടിയെ ആക്രമിച്ച കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. ഇന്ന് നടി ഭാമയെയും മറ്റു നാലുപേരെയും വിസ്തരിക്കും. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആറുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്.