ആലുവ: നടി ആക്രമിക്കപ്പെട്ട് കേസ് വഴിത്തിരിവിലേക്ക്. നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെ കുറിച്ചും കത്തിനെക്കുറിച്ചും പള്‍സര്‍ സുനിയെക്കുറിച്ചും ഇരുവരും നല്‍കിയത് വ്യത്യസ്ത മൊഴികളായതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

നേരത്തെ ഇരുവരെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത് 13 മണിക്കൂറിലേറെ നീണ്ടത് വിവാദമായിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് ചോദ്യം ചെയ്യല്‍ നീണ്ടതെന്നാണ് പോലീസ് പറയുന്നത്. കേസിലെ പ്രധാനപ്പെട്ട വിവരങ്ങളില്‍ പോലും ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകുണ്ട്. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ‍് ഡിജിപി ലോക്നാഥ് ബഹ്റ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കാവ്യാമാധവന്‍റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. ദിലീപിന്‍റെയും നാദിര്‍ഷായുടെയും മൊഴികളില്‍ വൈരുധ്യമുള്ള സാഹചര്യത്തില്‍ ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്. സിനിമാ മേഖലയിലെ കൂടുതല്‍ പേരെ ചോദ്യംചെയ്തേക്കും.

നടിയെ ആക്രമിച്ച ശേഷം താന്‍ കാവ്യ മാധവന്‍റെ സ്ഥാപനത്തില്‍ ചെന്നതായി പള്‍സര്‍ സുനി ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത് ഇക്കാര്യം സ്ഥിരീകരിക്കാനാണ്. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്‍റെ മൊഴിക്ക് വിരുദ്ധമായി ഇരുവരും ഒരുമിച്ചുള്ള ചിത്രം പൊലീസിന് ലഭിക്കുകയും ചെയ്തു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പൾസർ സുനിയടക്കമുള്ള പ്രതികൾ കാറിൽ വച്ച് നടിക്കെതിരെ നടത്തിയ​ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുള്ളത്. അതേസമയം കേസിൽ ഉടൻ ഉന്നതർ പിടിയിലാകുമെന്നും സൂചനകളുണ്ട്.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് വേമ്പനാട്ട് കായലിൽ എറിഞ്ഞെന്നും, ഓടയിൽ ഒഴുക്കിയെന്നും നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു. പൾസർ സുനിയുടെ അഭിഭാഷകനെയടക്കം പരിശോധിച്ചിട്ടും പൊലീസിന് മെമ്മറി കാർഡ് കണ്ടെത്താനായിരുന്നില്ല. മെമ്മറി കാർഡ് ഇപ്പോഴും ലഭിച്ചതായി വിവരമില്ല. അതേസമയം ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് എപ്പോഴത്തേതാണെന്ന് മാത്രമാണ് സ്ഥിരീകരിക്കാനുള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

കേസിന്റെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതലയിൽ നിന്നും ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയെ മാറ്റിയെന്ന വാർത്തകൾ തെറ്റാണെന്ന് ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. മുൻ ഡിജിപി ടി.പി.സെൻകുമാർ കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ ഡിജിപി ബെഹ്റ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ആരാഞ്ഞു.

അന്വേഷണ സംഘം വിപുലമാക്കാനും കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും സന്ധ്യയ്ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് പിന്നീട് ഡിജിപി വ്യക്തമാക്കി. കേസ് വലിച്ചുനീട്ടരുതെന്നും വേഗത്തിൽ അന്വേഷണം അവസാനിപ്പിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.

“കൂടിയാലോചനകൾക്ക് ശേഷമാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്. സംഘത്തിൽ ഏകോപനത്തിന്റെ പ്രശ്നമില്ല.”, ഡിജിപി വ്യക്തമാക്കി. കേസ് അന്വേഷണത്തിൽ പോരായ്മയില്ലെന്ന് എ.ഡി.ജി.പി സന്ധ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി അവർ ഡി.ജി.പിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് എ.ഡി.ജി.പി ബി.സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ടെന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് ടി.പി.സെൻകുമാർ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസിനെ പറ്റിയുള്ള പല കാര്യങ്ങളും അറിയുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ന്ന്കിട്ടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘത്തെ മാറ്റിയതായി റിപ്പോര്‍ട്ട് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ