കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പതിനൊന്നിന് വീണ്ടും വിസ്താരം തുടങ്ങും. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.വി.എൻ.അനിൽ കുമാർ ആദ്യമായി ഇന്ന് കോടതിയിൽ ഹാജരായി. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ.സുരേശൻ രാജിവച്ചിരുന്നു. തുടർന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.
Read Also: പാലാരിവട്ടം പാലം അഴിമതി: വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം
പ്രോസിക്യൂട്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് സുരേശൻ നേരത്തെ ആഭ്യന്തരവകുപ്പ് മുഖേന സർക്കാരിന് കത്ത് നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്റെ രാജി.
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നിലവിലുള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹെെക്കോടതി നേരത്തെ തള്ളിയത്.