കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണ നാളെ തുടങ്ങും. മാപ്പുസാക്ഷി വിപിൻ ലാലിനെ ഹാജരാക്കാത്തതിനെ തുടർന്നായിരുന്നു വിചാരണ മുടങ്ങിയത്. വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിപിൻ ലാലിനെ 23 ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിപിൻ ലാലിനെതിരെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാൽ നേരത്തെ ജയിൽ മോചിതനായിരുന്നു. പ്രതിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. കാവ്യാ മാധവന്റെ സഹോദരനെയും ഭാര്യയെയും കോടതി നാളെ വിസ്തരിക്കും.

നടിയെ ആക്രമിച്ച കേസിൽ അഡ്വ.വി.എൻ.അനിൽ കുമാറാണ് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ.സുരേശൻ നേരത്തെ രാജിവച്ചിരുന്നു. തുടർന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.

Read Also: സഭ ടിവിയിലേക്ക് ആദ്യം വന്ന ഫോൺ കോൾ പ്രതിപക്ഷ നേതാവിന്റെ ടീമിൽ നിന്ന്, അഭിമുഖം ആവശ്യപ്പെട്ടു: വീണ ജോർജ്

പ്രോസിക്യൂട്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് സുരേശൻ നേരത്തെ ആഭ്യന്തരവകുപ്പ് മുഖേന സർക്കാരിന് കത്ത് നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്റെ രാജി.

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നിലവിലുള്ള ജഡ്‌ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹെെക്കോടതി നേരത്തെ തള്ളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.