കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടഞ്ഞ ഉത്തരവ് പത്ത് ദിവസത്തേക്ക് ഹൈക്കോടതി നീട്ടി. കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകൻ ക്വാറന്റെെനിലായ സാഹചര്യം കണക്കിലെടുത്താണ് നടപടി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടേയും സർക്കാരിന്റെയും ഹർജികൾ കോടതി 16 ന് പരിഗണിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് വി.ജി അരുണിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് വിചാരണ തടഞ്ഞുകൊണ്ട് നേരത്തെ ഉത്തരവിട്ടത്. വെള്ളിയാഴ്ച വരെയാണ് നേരത്തെ വിചാരണ തടഞ്ഞത്. ഈ ഉത്തരവാണ് ഇപ്പോൾ പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത്.
സാക്ഷി വിസ്താരം വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി സാക്ഷി വിസ്താരം തീരുമാനിച്ചത്.
ജഡ്ജിക്ക് വിചാരണയുമായി മുന്നോട്ടു പോകാൻ താൽപ്പര്യമുണ്ടോ എന്നന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് ഒരടി മുന്നോട്ടു പോകാനാവുന്നില്ല. സാധാരണ ഒരിക്കലും ഇങ്ങനെ ഒരു ഹർജിയും ആയി വരാറില്ല. പക്ഷേ ഇപ്പൊൾ വേറെ നിർവാഹം ഇല്ല. ഫോറൻസിക് പരിശോധനാ ഫലം എന്താണെന്ന് പ്രോസിക്യൂഷനോടു പറയുന്നില്ല. പ്രോസിക്യൂഷനെ ഇരുട്ടിൽ നിറുത്തിയിരിക്കുകയാണ്. ജഡ്ജി ലാബിൽ നേരിട്ട് വിളിച്ചു, തെളിവുകളുടെ കാര്യങ്ങൽ അന്വേഷിച്ചു. പ്രോസികൂഷൻ വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ല. കോടതിയിൽ അനാവശ്യ പരാമർശങ്ങൾ നടത്തി. പല രേഖകളും നൽകിയില്ലന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Read Also:അപകീർത്തിപ്പെടുത്താൻ ശ്രമം; മാധ്യമവാർത്തകൾക്കെതിരെ ദിലീപ് കോടതിയിൽ
പല സാക്ഷികളും കോടതിയിൽ വരാൻ തയ്യാറാണെന്നും സാക്ഷികളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ സത്യവാങ്ങ്മൂലവും സർക്കാർ രേഖകൾ മുദ്രവെച്ച കവറിലും ലഭിച്ചെന്ന് കോടതി അറിയിച്ചു. വിചാരണക്കോടതിയിൽനിന്ന് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെയും സർക്കാരിന്റെയും ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.
തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകൻ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും നടി ഹർജിയിൽ ആരോപിക്കുന്നു. പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. കോടതി മാറ്റണമെന്ന സർക്കാരിന്റെ ഹർജിയും ഹൈക്കോടതിയിലുണ്ട്.