കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി. നടി സംയുക്‌ത വർമ വിസ്‌താരത്തിനായി പ്രത്യേക കോടതിയിൽ ഹാജരായെങ്കിലും
തൽക്കാലം വിസ്തരിക്കേണ്ടെന്ന് പ്രൊസിക്യൂഷൻ നിലപാടെടുത്തു. നടൻ കുഞ്ചാക്കോ ബോബൻ ഇന്നു വിസ്‌താരത്തിന് എത്തിയില്ല. കുഞ്ചാക്കോ ബോബൻ കേരളത്തിലില്ലാത്തതിനാൽ വിസ്‌താരം മാർച്ച് നാലിലേക്ക് മാറ്റി. സംവിധായകൻ വി.എ.ശ്രീകുമാറിനെ അടുത്ത ദിവസം വിസ്‌തരിക്കും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങൾ പകർത്തിയ കേസിൽ നടി മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം പ്രത്യേക കോടതി വിസ്‌തരിച്ചിരുന്നു. ഇന്നലെ വെെകീട്ടോടെയാണ് മഞ്ജുവിന്റെ വിസ്‌താരം പൂർത്തിയായത്. ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിർണായകമായാണ് കരുതുന്നത്.

Read Also: Horoscope Today February 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നലെ നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസിൽ, സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.

കേസിൽ ദിലീപ് പ്രതിചേർക്കപ്പെടുന്നതിന് മുമ്പ് തന്നെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയ വ്യക്തിയാണ് മഞ്ജു. കേസിൽ വഴിത്തിരിവായതും ഈ പ്രസ്താവന തന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി പ്രൊസിക്യുഷൻ മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകുന്നത്.

Read Also: എന്നെ കുത്തിക്കീറിയിട്ടാണ് അവൻ ഇങ്ങോട്ട് കയറ്റിവിട്ടിരിക്കുന്നത്; സുജോയെ കുറിച്ച് വിതുമ്പി അലസാണ്ട്ര

നേരത്തേ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.