കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ പുനരാരംഭിച്ചു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങി.

അതേസമയം, കേസിലെ പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ആഴ്ച കേസിൽ വിചാരണ ആരംഭിച്ചപ്പോൾ ദിലീപ് വിദേശത്തായിരുന്നു. ഇന്നലെ ദിലീപ് നാട്ടിൽ തിരിച്ചെത്തിയിരുന്നു. അതേസമയം, കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയടക്കമുള്ളവർ ഇന്ന് കോടതിയിൽ ഹാജരായി. തുടര്‍ച്ചയായ മൂന്നാം തവണ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍ കുമാറിന്റെ ജാമ്യം വിചാരണക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

കേസിൽ സുപ്രീം കോടതിയിൽ നിന്ന് ദിലീപിന് തിരിച്ചടി നേരിട്ടിരുന്നു.  ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.

Read Also: ബാലന്‍ ഡി ഓര്‍: ക്രിസ്റ്റ്യാനോയെ കടത്തിവെട്ടി മെസിയുടെ ‘ആറാട്ട്’

കോടതിയിൽ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നതിനെ ഇരയാക്കപ്പെട്ട നടി ശക്തമായി എതിർത്തിരുന്നു. സുപ്രീം കോടതിയിലാണ് നടി എതിർപ്പ് അറിയിച്ചത്. കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.