കൊച്ചി: നടിയെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍
30നു വിചാരണ ആരംഭിക്കും. 35 ദിവസം കൊണ്ട് ആദ്യഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയാക്കും. 136 സാക്ഷികളെ കോടതി വിസ്തരിക്കും. സാക്ഷിപ്പട്ടിക പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചു. നടന്‍ ദിലീപ് അടക്കം പ്രതികള്‍ക്കെതിരെ കോടതി ഇന്നലെ കുറ്റം ചുമത്തിയിരുന്നു.

അതിനിടെ, കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ കോടതിയിലാണു ഹര്‍ജി സമര്‍പ്പിച്ചത്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം.

Read Also: Horoscope Today January 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വിചാരണ തിയതി തീരുമാനിച്ച് പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കും. കേസില്‍ 11-ാം സാക്ഷിയാണ് മഞ്ജു വാരിയര്‍. ആദ്യ ഘട്ടത്തില്‍ തന്നെ മഞ്ജു വാരിയറെ വിസ്തരിക്കാന്‍ സാധ്യതയുണ്ട്. സാക്ഷിപ്പട്ടികയില്‍നിന്ന് ആവശ്യമില്ലാത്തവരെ പിന്നീട് ഒഴിവാക്കും.

ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ദിലീപിനെതിരെ ഗുഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിലീപ് അടക്കം പത്ത് പ്രതികളും കോടതിയില്‍ കഴിഞ്ഞദിവസം ഹാജരായി. ഇവര്‍ക്ക് കുറ്റപത്രം നല്‍കി. വിചാരണ 27ന് തുടങ്ങാം എന്ന നിര്‍ദേശമാണ് കോടതി മുന്നോട്ടു വച്ചത്. എന്നാല്‍ പള്‍സര്‍ സുനി 28നും ദിലീപിന്റെ അഭിഭാഷകന്‍ 29 നും വിചാരണ തുടങ്ങാമെന്ന് അറിയിക്കുകയായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികള്‍.

വിടുതല്‍ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ദിലീപ് ഹാജരാകാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. എന്നാല്‍, വിചാരണ കോടതിയിലെ നടപടികള്‍ തുടരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.