കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്‌ജി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നുമാസം കൂടി വേണമെന്നാണ് ജഡ്‌ജി സുപ്രീം കോടതിയെ അറിയിച്ചത്.

കേസിൽ വിചാരണ നടപടികൾ വെെകരുതെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിർദേശം. എന്നാൽ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് പലപ്പോഴും വിചാരണ നടപടികൾ തടസപ്പെട്ടതായും അതുകൊണ്ട് കൂടുതൽ സമയം അനുവദിക്കണമെന്നും ജഡ്‌ജി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതി ജഡ്‌ജി ഹണി വർഗീസാണ് സുപ്രീം കോടതിയിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.

Read Also: സാരിയിൽ ഗണിതശാസ്‌ത്രം; ബ്യൂട്ടിഫുൾ ലുക്കിൽ വിദ്യ ബാലൻ, ചിത്രങ്ങൾ

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിസ്‌താരം പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച് 24ന് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് ക്രോസ് വിസ്‌താരം പുനഃരാരംഭിച്ചത്. വിസ്‌താരം പൂർത്തിയായ ശേഷമായിരിക്കും വിചാരണ നടപടികൾ ആരംഭിക്കുക.

കേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Read Also: നടിയെ ആക്രമിച്ച കേസ്: ഇര തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ

കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ താൻ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയെയും ഒരുമിച്ച് വിചാരണ ചെയ്യാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹർജി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.