കൊച്ചി: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിലെ റെയ്ഡിന് പിറകെ ദിലീപീന്റെ സഹോദരീ ഭർത്താവിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടൽ ഉടമയുമായ ശരത്തിന്റെ ആലുവയിലുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. ശരത്തിന്റെ വീട്ടിലെ റെയ്ഡിന് പിറകെ ദിലീപിന്റെ സഹോദരീ ഭർത്താവ് ടിഎൻ സൂരജിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തി.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന എഫ്ഐആറിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് ശരത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. വ്യവസായിയായ താൻ ആളുകൾക്ക് പരിചിതനാണന്നും ദിലീപുമായി തനിക്ക് ബന്ധമുണ്ടന്നും ഇക്കാര്യങ്ങളടക്കം മാധ്യമങ്ങൾക്ക് തന്നെക്കുറിച്ച് അറിയാമെന്നും പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുകയാണന്നും ഹർജിയിൽ പറയുന്നു.
യഥാർത്ഥത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലന്നും എന്നാൽ പൊലിസ് കുഴപ്പമുണ്ടാക്കി കോടതിയെ ആശയക്കുഴപ്പത്തിലാക്കാനും വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുകയാണന്നും ഹർജിയിൽ ആരോപിക്കുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ പൊലീസിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഏതാനും ദിവസം മുൻപ് ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള റെയ്ഡ് നടന്നിരുന്നു. എട്ടുമണിക്കൂറോളം റെയ്ഡ് നീണ്ടിരുന്നു.
ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലാണ് ഈ മാസം 13ന് അന്വേഷണ സംഘത്തിന്റെ റെയ്ഡ് നടന്നത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന് അനൂപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദിലീപും സഹോദരന് അനൂപുമടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍.
Also Read: കേസ് വിവരങ്ങൾ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം; ദിലീപ് ഹൈക്കോടതിയിൽ