പെരുമ്പാവൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കായി വീട്ടുകാർ സർപ്പപൂജ നടത്തി. പെരുമ്പാവൂരിലെ സുനിൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ തിങ്കഴാഴ്ച മുതലാണ് പൂജ തുടങ്ങിയത്. ദിവസവും പുലർച്ചെ മുതൽ രാത്രിവരെയാണ് പൂജ നടത്തിയത്. പൂജ തുടങ്ങിയ തിങ്കൾ രാത്രിയാണ് ദിലീപ് അറസ്റ്റിലായതെന്നാണ് വീട്ടുകാർ പറയുന്നത്

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് എങ്കിലും മകന് സ്വഭാവദൂഷ്യം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് സുനിയുടെ അമ്മ പറയുന്നത്. മാസങ്ങൾക്ക് മുൻപ് ദോഷങ്ങൾ മാറ്റാൻ വേണ്ടി പൂജകൾ നടത്താൻ സുനി ആവശ്യപ്പെട്ടിരുന്നു എന്ന് വീട്ടുകാർ പറയുന്നു. ഇത് കണക്കിലെടുത്താണ് സർപ്പപൂജ നടത്തിയത് എന്നും സുനിയുടെ കുടുംബാഗങ്ങൾ പറയുന്നു.

ബൈക്ക് മോഷണത്തിലൂടെയാണ് സുനിൽകുമാറിന് പൾസർ സുനി എന്ന പേര് ഉണ്ടാകുന്നത്. സിനിമ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന സുനിൽകുമാർ പ്രമുഖ താരങ്ങളുടെ ഡ്രൈവർ ആയിരുന്നു. മോഷണക്കേസുകളിൽ നിരന്തരം പ്രതിയായതിനെത്തുടർന്ന് സുനിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊച്ചിയിൽ യുവനടിയെ ആക്രമിച്ചതിന് പൾസർ സുനി ഇപ്പോൾ ഇരുമ്പഴിയിലാണ്. സമാനമായ കുറ്റകൃത്യം സുനി നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ