/indian-express-malayalam/media/media_files/uploads/2017/07/dileep1-1.jpg)
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച പുതിയ ജാമ്യാപേക്ഷയിലെ വാദങ്ങളെ ഖണ്ഡിച്ച് പൊലീസ്. മുഖ്യപ്രതി പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തി എന്ന് ദിലീപ് പരാതി നൽകിയത് ഏപ്രിൽ 22ന് ആണെന്നും മാർച്ച് 28നാണ് ദിലീപ് പൾസർ സുനിയുമായി സംസാരിച്ചിട്ടുള്ളതെന്നും പൊലീസ് പറയുന്നു. ഏപ്രിൽ 12 നാണ് പൾസർ സുനി ജയിലിൽ നിന്ന് തന്നെ വിളിച്ചത് എന്നായിരുന്നു ദിലീപിന്രെ പരാതി. ഇത് സംബന്ധിച്ച് ഡിജിപിക്ക് അന്ന് തന്നെ പരാതി നൽകിയിരുന്നു എന്നുമായിരുന്നു ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞത്. പൊലീസ് മേധാവിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പരാതിയായി കണക്കാക്കാനാകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. ദിലീപിന് ജാമ്യം നൽകുന്നത് എതിർത്ത്കൊണ്ട് വിശദമായ സത്യവാങ്മൂലം നൽകാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
അതേസമയം പൾസർ സുനിയെപ്പറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് എന്ന ദിലീപിന്റെ വാദത്തിൽ പ്രതികരണവുമായി ലോക്നാഥ് ബെഹ്റ രംഗത്ത് വന്നു. ദിലീപ് തനിക്ക് പരാതി നൽകിരുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. എപ്പോഴാണ് തനിക്ക് പരാതി നൽകിയതെന്നും, എന്തായിരുന്നു പരാതിയുടെ ഉള്ളടക്കമെന്നും കോടതിയെ അറിയിക്കുമെന്നും ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് ജാമ്യപേക്ഷ പറഞ്ഞത്. ഫോൺ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണൽ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പൾസർ സുനി നാദിർഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിയിരിക്കുകയാണ് ദിലീപ്.
പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തൽ.
നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിശദമായി വാദം കേള്‍ക്കാനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. പ്രോസിക്യൂഷന്‍ രേഖമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us