ആലുവ: നടിയെ ആക്രമിച്ച സംഭവത്തിൽ ഹാസ്യതാരം ധർമ്മജനെയും ദിലീപിന്റെ അനുജനെയും
പൊലീസ് വിളിച്ചു വരുത്തി. നടിയെ ആക്രമിച്ച കേസിൽ മൊഴി എടുക്കാനാണ് വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചിട്ടാണ് താൻ വന്നത് എന്ന് ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന ആലുവ പൊലീസ് ക്ലബിൽ വച്ചാണ് ധർമ്മജന്റെ മൊഴി എടുത്തത്.

ചോദ്യം ചെയ്യാന്‍ വിളിച്ചതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. പള്‍സര്‍ സുനിയുടെ ഫോട്ടോ കാണിച്ച് പരിചയമുണ്ടോയെന്ന് ചോദിച്ചുവെന്നും ധര്‍മജന്‍ പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് സുനിയെ പരിചയമില്ലെന്നും ഒരുപാട് പേര്‍ തന്നോടൊപ്പം ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നടക്കം ഫോട്ടോ എടുക്കാറുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. ചില ഫോട്ടോകള്‍ കാണിച്ച് പരിചയമുണ്ടോയെന്നും തന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ സുനി വന്നിട്ടുണ്ടോയെന്നും ചോദിച്ചതായി ധര്‍മജന്‍ പറഞ്ഞു.

ദിലീപിന്റെ അനുജനായ അനൂപിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇവരിൽ നിന്ന് മൊഴി എടുക്കുന്നുണ്ട്. ഇന്നലെ നടന്ന പൊലീസിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് ഇവരെ വിളിച്ച് വരുത്താൻ പൊലീസ് തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ