ആലുവ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൾസർ സുനിയെ ഓന്നാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് 375 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. കേസിൽ 165 സാക്ഷികളാണ് ഉള്ളത്. പൾസർ സുനിയെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം 57 ആം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ പൾസർ സുനി അടക്കം 6 പ്രതികളാണ് ഉള്ളത്.

അന്വേഷണ ഉദ്യോഗസ്ഥൻ ആലുവ ഡിവൈഎസ്പി ബാബുകുമാർ തയ്യാറാക്കിയ കുറ്റപത്രത്തിൽ ബലാൽസംഘം, ഗൂഡാലോചന, അനധികൃതമായി സംഘചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഒന്ന് മുതൽ 5 വരെയുള്ള പ്രതികളാണ് നടിയെ ആക്രമിച്ചത്.

പ്രതികൾ-
1-പൾസർ സുനി
2-മാർട്ടിൻ
3- പ്രദീപ്
4-സലീം
5- മണികണ്ഠൻ
6-ചാർലി( പൾസർ സുനിയെ ഒളിവിൽ കഴിയാൻ ശ്രമിച്ചതിനാണ് കേസ് )

നടിയെ ആക്രമിക്കുന്ന ഘട്ടത്തിൽ പൾസർ സുനി ഉപയോഗിച്ച ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിലെ പ്രധാന തൊണ്ടി മുതൽ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണെന്നാണ് കുറ്റപത്രത്തിൽ പൊലീസ് വിശദീകരിക്കുന്നത്. സുനികുമാറിന് വ്യാജ രേഖ ഉപയോഗിച്ച് സിം കാർഡ് എത്തിച്ച് കൊടുത്ത കോട്ടയം സ്വദേശി ഷൈജുവിന് എതിരെ വ്യാജരേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ