എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ ഉപയോഗിച്ച ഫോണും സിംകാർഡും പൊലീസ് പിടിച്ചെടുത്തു. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ വിളിച്ചിരുന്നു എന്ന് മനസ്സിലായതോടെയാണ് പൊലീസ് സുനിയുടെ സെല്ലിൽ പരിശോധന നടത്തിയത്. തമിഴ്നാട്ടിലെ വിലാസം ഉപയോഗിച്ചാണ് സിം കാർഡ് എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത ഫോണും സിംകാർഡും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവാണ് ഫോൺ ജയിലിൽ എത്തിച്ച് നൽകിയത്. പുതുതായി വാങ്ങിയ ഷൂവിന്​ അടിയിൽ ഒളിപ്പിച്ചാണ് വിഷ്ണു ഫോൺ ജയിലിലേക്ക് കടത്തിയത്. സെല്ലിൽ നിന്ന് പൾസർ സുനി ഉപയോഗിച്ച ഫോൺ രേഖകൾ പരിശോധിച്ചാൽ നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ പൾസൾ സുനിക്കു വൻതുക വാഗ്ദാനം ചെയ്തതായി സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു വെളിപ്പെടുത്തിയിരുന്നു. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ എന്നിവരോടാണു വിഷ്ണു ഇക്കാര്യം ഫോണിൽ പറഞ്ഞത്. കേസിന്റെ നടത്തിപ്പിനായി ദിലീപ് പണം നൽകണമെന്നും അല്ലെങ്കിൽ മലയാള സിനിമയിലെ ഒരു നടി, നടൻ, നിർമ്മാതാവ് എന്നിവർ നിർദേശിച്ച പ്രകാരം ദിലീപിന്റെ പേരു പൾസർ സുനി പൊലീസിനോടു വെളിപ്പെടുത്തുമെന്നുമാണു വിഷ്ണു പറഞ്ഞത്.

മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങൾക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ