കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള അന്വേഷണ സംഘത്തിന്റെ യോഗം ഇന്നു നടക്കും. എഡിജിപി ബി.സന്ധ്യയുടെ സാന്നിധ്യത്തില്‍ രാത്രി ഏഴു മണിയോടെ ആലുവ പൊലീസ് ക്ലബിലാണ് അന്വേഷണ സംഘം യോഗം ചേരുന്നത്. കേസിൽ ദിലീപിനെ ഒന്നാംപ്രതിയാക്കുന്ന കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുക്കും. ഈ ആഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കാനാണ് ആലോചന. അന്തിമ പ്രതിപ്പട്ടികയ്ക്കും ഇന്നത്തെ യോഗത്തോടെ തീരുമാനമാകും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മുഖ്യ ആസൂത്രകനും ഗൂഢാലോചനക്കാരനും എന്ന നിലയിലാണ് ദിലീപിനെ പ്രധാന പ്രതി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തിയേക്കും.

നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുളള നീക്കം നടക്കുന്നത്. സുനിൽ കുമാറിന് നടിയോട് മുൻ വൈരാഗ്യമില്ല. ഒരു ക്വട്ടേഷന്റെ ഭാഗമായാണ് സുനിൽ കുമാർ കൃത്യം നടത്തിയത്. ക്വട്ടേഷൻ കൊടുത്തത് ദിലീപാണ്. ക്വട്ടേഷൻ നൽകിയതു മുതൽ അത് നടപ്പിലാകുന്നതുവരെയുളള ഓരോ കാര്യങ്ങളും ദിലീപ് അറിയുന്നുണ്ടായരുന്നു. ക്വട്ടേഷൻ നൽകുന്ന ആളും ആക്രമിച്ച ആളും ആക്രമണത്തിന് നിർദേശിച്ച ആളും തമ്മിൽ വ്യത്യാസമില്ല. ദിലീപ് പറഞ്ഞതുപോലെയാണ് ക്വട്ടേഷൻ നടപ്പിലാക്കിയത്. അതിനാൽതന്നെ ദിലീപിനെ ഒന്നാം പ്രതിയാക്കാം. ക്വട്ടേഷൻ നൽകുന്നത് കൃത്യത്തിൽ പങ്കെടുക്കുന്നതിന് തുല്യമാണെന്നും നിയമോപദേശം ലഭിച്ചതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ