കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. നടിയുടെ മൊഴി എഡിജിപി സന്ധ്യ വീണ്ടും രേഖപ്പെടുത്തി. ബെംഗളൂരുവിൽനിന്നും നടിയെ വിളിച്ചുവരുത്തിയാണ് വീണ്ടും മൊഴിയെടുത്തത്. കേസിൽ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. എഡിജിപി ബി.സന്ധ്യ നേരിട്ടാണു കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകൾ മൂന്നുമാസമായി പൊലീസ് പരിശോധിച്ചു വരികയായിരുന്നു. ഈ ഫോൺ കോളുകളിൽനിന്നാണു കേസിന്റെ ഗൂഢാലോചന സംബന്ധിച്ച നിർണായക സൂചനകൾ പൊലീസിനു ലഭിച്ചത്. അന്വേഷണം അവസാനിപ്പിച്ചുവെന്നു പ്രതികളെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് ഇവരുടെ ഫോൺ വിളികൾ നിരീക്ഷിച്ചത്.

കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ (പൾസർ സുനി) സഹ തടവുകാരൻ ജിൻസനോട് വെളിപ്പെടുത്തിയ വിവരങ്ങളും കേസിന്റെ തുടരന്വേഷണത്തിനു സഹായകമായി. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമാണെന്നും ജയിലിൽ ഒപ്പം കഴിഞ്ഞ ജിൻസനോടും പ്രതി സുനിൽ കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിൽ വാസ്തവമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രിയാണ് അങ്കമാലിക്കു സമീപം നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ