എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാക്കനാട് ജയിലിനുള്ളിൽ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജയിലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൾസർ സുനി ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. പോലീസിന് ലഭിച്ച ദൃശ്യത്തിൽ സുനിയുടെ സഹതടവ് കാരനായ ജിൻസനെയും വ്യക്തമായി കാണാമെന്നാണ് സൂചന.

സുനി ജയിലിൽ വച്ച് തുടർച്ചയായി നാദിർഷ, ദിലീപിന്‍റെ മാനേജർ അപ്പുണ്ണി എന്നിവരെ ഫോണിൽ വിളിക്കുമായിരുന്നു എന്ന സഹതടവുകാരൻ ജിൻസന്‍റെ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കുന്നതിനായി ഈ തെളിവുകൾ ഉപയോഗിക്കും എന്നാണ് സൂചന.

ജിൻസന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ മുതൽ കാക്കനാട് ജയിലിൽ അന്വേഷണ സംഘം പരിശോധന നടത്തി വരികയായിരുന്നു. ഹൈടെക്ക് സെല്ലിലെ വിദഗ്ദരും പരിശോധനയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.

കേസിലെ ഗൂഢാലോചന തെളിയിക്കാൻ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ