കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിവേഗ വിചാരണ വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം സർക്കാരിനെ സമീപിക്കും. ഇതിനായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പോലീസ് ഉന്നയിക്കും. വിചാരണ ദീർഘകാലം നീണ്ടു പോകാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ദിലീപിനെപ്പോലൊരു പ്രമുഖൻ പ്രതി പട്ടികയിൽ ഉളളപ്പോൾ വിചാരണ നീണ്ടു പോകുന്നത് കേസിന് ഗുണകരമാകില്ലെന്ന് വിലയിരുത്തലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കത്തിന്റെ പിന്നിൽ.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടന്നാൽ ദീർഘകാലം കേസിന്‍റെ നടപടികളുമായി മുന്നോട്ടുപോകേണ്ടി വരും. വിചാരണ നീണ്ടുപോയാൽ സാക്ഷികൾ മൊഴിമാറ്റാനുള്ള സാധ്യതയുമുള്ളതായി പൊലീസ് വിലയിരുത്തുന്നു. സിനിമ മേഖലയിൽ നിന്ന് 50 ഓളം സാക്ഷികളാണ് ഉളളത്. ഇത് ഒഴിവാക്കാനാണ് അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിക്കുന്നത്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കൃത്യത്തിന് ശേഷവും ദിലീപ് നടിയെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരിയാക്കാൻ ശ്രമിച്ചുവെന്നും ഇതിന് സിനിമാമേഖലയിലെ പല പ്രമുഖരേയും ഉപയോഗപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. താൻ നിരപരാധിയാണെന്ന് പൊതു സമൂഹത്തിനുമുന്നിൽ വരുത്തിത്തീർക്കാനും ദിലീപ് ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദിലീപ് വ്യാജ ചികിൽസാ രേഖയുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 മുതൽ 21 വരെ ആലുവയിൽ ആശുപത്രിയിൽ ചികിൽസയിലെന്നാണ് ദിലീപ് അവകാശപ്പെട്ടത്, എന്നാൽ ഈ ദിവസങ്ങളിൽ രാമലീലയുടെ ലൊക്കേഷനിൽ പലപ്പോഴായി ദിലീപ് ഉണ്ടായിരുന്നു, ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്, വ്യാജ രേഖയുണ്ടാക്കിയത് മനപ്പൂര്‍വ്വമെന്നും കുറ്റപത്രത്തില്‍ പറയുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ