ചേർത്തല: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഇനിയും പ്രമുഖർ പിടിയിലാകാൻ ഉണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി. ഗൂഢാലോചനക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്, വന്‍ സ്രാവുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. അരൂരിലെ ബൈക്ക് മോഷണ കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ പ്രതികരണം.
നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന സുനില്‍കുമാറിനെ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് വര്‍ഷം മുന്‍പ് മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി ഉള്‍പ്പെടെ അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയില്‍. ഈ കേസില്‍ അഞ്ച് ദിവസത്തേക്കാണ് സുനിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.
അതേസമയം ഈ കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് തീരും. ദിലീപിന്റെ റിമാൻഡ് നീട്ടാനാണ് സാധ്യത. വീഡിയോ കോൺഫറൻസിങ്ങ് വഴിയായിരിക്കും ഇന്നത്തെ കോടതി നടപടികൾ നടത്തുക.