എറണാകുളം: സ്വന്തം ഹോട്ടലിന്റെ ഉദ്ഘാടത്തിന് വിദേശത്തേക്ക് പോകാൻ അനുമതി നൽകണമെന്ന ദിലീപിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നാല് ദിവസത്തേക്ക് വിദേശത്തേക്ക് പോകാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ആറ് ദിവസത്തേക്ക് പാസ്പോർട്ട് വിട്ടു നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

തന്‍റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയുടെ ശാഖ ഉദ്ഘാടനത്തിന് ഈ മാസം 29 ന് ദുബായില്‍ പോകാൻ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് തേടിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കെട്ടിവച്ച പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.

അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ തടസവാദങ്ങൾ ഉന്നയിച്ചിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും കേസിലെ ഏഴാം പ്രതി ചാര്‍ളി മാപ്പുസാക്ഷിയാവാന്‍ വിസമ്മതിച്ചത് ദിലീപിന്‍റെ സ്വാധീനം മൂലമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി മുഖവിലയ്ക്ക് എടുത്തില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ