ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്നവസാനിക്കും. ദിലീപിനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അങ്കമാലി കോടതിയില്‍ ഹാജരാക്കും. കോടതിക്ക് മുമ്പാകെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുള്ള അവസരവും പ്രതിക്ക് ലഭിക്കും.സുരക്ഷാ പ്രശ്നങ്ങളുള്ളതിനാലാണ് കോടതി നടപടികൾ വീഡിയോ കോൺഫറൻസിലൂടെ ആക്കിയത്. അപ്പുണ്ണി പൊലീസിന് മുന്നിൽ ഹാജരായതിനാൽ ജാമ്യാം നൽകണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെടും.

ഹൈക്കോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപിന്റെ അഭിഭാഷകർ. ഇതിനിടെ ദിലീപിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആലുവ സബ് ജയിലിലെത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തി. നിലവില്‍ നേരിയ ജലദോഷം മാത്രമാണ് ഉള്ളതെന്നും പ്രതി ആരോഗ്യവാനാണെന്നും ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്.

ദിലീപിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ അടച്ചുപൂട്ടിയ നഗരസഭയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് ഉച്ചയ്‌ക്ക് ഒന്നേമുക്കാലോടെ പരിഗണിക്കും. ദിലീപിന്റെ സഹോദരന്‍ അനൂപാണ് ഹര്‍ജിക്കാരന്‍. നഗരസഭയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ