കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ പ്രത്യേക അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതിയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങ്. 7 വർഷമായി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾ മുടക്കിയിട്ടില്ലെന്നും അത് നിർവഹിക്കാൻ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കോടതി ഇന്ന് തന്നെ തീരുമാനം അറിയിക്കും.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതടക്കമുളള കോടതി നടപടികള്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കും. 14 ദിവസത്തേക്ക് കൂടി ദിലീപിന്റെ റിമാൻഡ് നീട്ടാനാണ് സാധ്യത. ആള്‍ത്തിരക്കും സുരക്ഷയും പരിഗണിച്ചാണിത്. അതേസമയം, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പള്‍‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധിയുണ്ടായേക്കും. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാമതും ഹൈക്കോടതി തളളിയിരുന്നു. അറസ്‌റ്റിലായി 50-ാം ദിവസമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ദിലീപ് പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുളള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.

നടിയെ ഉപദ്രവിച്ച കേസിൽ 11-ാം പ്രതിയാണ് ദിലീപ്. കേസിലെ മുഖ്യപ്രതി സുനിൽ കുമാറുമായി (പൾസർ സുനി) ഗൂഢാലോചന നടത്തിയെന്നതാണ് ദിലീപിനെതിരായ കുറ്റം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ