ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിശദമായ മൊഴി എടുക്കലാണ് ഇന്നലെ നടന്നതെന്ന് നടൻ ദിലീപ്. എനിക്ക് പറയാനുള്ളത് പൊലീസ് കേട്ടുവെന്നും പൊലീസിന്റെ സംശയങ്ങൾ എന്നോട് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് ദിലീപ് സംസാരിച്ചത്.

കേസിൽ സത്യം പുറത്ത് വരണ്ടേത് തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. അമ്മയുടെ യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് ചർച്ചയുണ്ടാകുമോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നു നടൻ ദിലീപ്, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം പൊലീസ് ക്ളബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30നു തുടങ്ങിയ മൊഴിയെടുക്കൽ ഇന്നു പുലർച്ചെ 1.15നാണ് അവസാനിച്ചത്. പൊലീസ് നടപടികൾക്കു ശേഷം നാദിർഷായ്ക്കൊപ്പം നടൻ സിദ്ദീഖിനൊപ്പമാണ് ദിലീപ് മടങ്ങിയത്.

പ്രതി സുനിൽ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നു നൽകിയ പരാതിയിലാണു മൊഴി നൽകുന്നതെന്നാണ് മൊഴി നൽകാൻ പുറപ്പെടുന്നതിനു മുൻപായി ദിലീപ് ഇന്നലെ രാവിലെ പ്രതികരിച്ചത്. എന്നാൽ നടിയോട് അതിക്രമം കാണിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചാണു ദിലീപിനെയും നാദിർഷായെയും ചോദ്യംചെയ്തതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ