കൊച്ചി: നടൻ ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷൻ. നടിയെ ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ചോർത്തിയത് ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷൻ അങ്കമാലി കോടതിയിൽ വാദിച്ചു. കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് പൊലീസ് ചോർത്തി നൽകിയെന്ന ദിലീപിന്റെ പരാതിയിൽ വാദംകേൾക്കുമ്പോഴാണ് പ്രോസിക്യൂഷന്റെ വിശദീകരണം. ദിലീപിന്രെ പരാതിയിൽ വാദം പൂർത്തിയാക്കിയ കോടതി ഈ മാസം 23ന് വിധി പറയും.

കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് എടുത്ത കടയിൽ നിന്നാണെന്ന് അന്വേഷണസംഘം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് പിന്നിൽ ദിലീപാണെന്ന് അന്വേഷണ സംഘം ഇന്നാണ് സ്ഥിരീകരിക്കുന്നത്. എന്നാൽ പൊലീസ് തന്നെയാണെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കുറ്റപത്രം മാധ്യമങ്ങൾക്ക് ലഭിക്കാൻ പൊലീസ് ക്ലബിന് സമീപം ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തന്നെ വ്യക്തിപരമായി അപമാനിക്കാൻ അന്വേഷണ സംഘം കുറ്റപത്രം ചോർത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി.

കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ് കേസിലെ പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി. ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ