എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനുമേല്‍ കുരുക്കുമുറുകി. കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും ദിലീപിന്റെ പങ്ക് വ്യക്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള വിധിയിലാണ് കോടതി നിരീക്ഷണം. സവിശേഷവും അപൂര്‍വവും ഗുരുതരവുമായ കുറ്റകൃത്യമാണ് ഉണ്ടായത് എന്ന് കോടതി നീരീക്ഷിച്ചു.

ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. നടിക്ക് എതിരായ ആക്രമണം നടപ്പാക്കുന്നതിന് സൂക്ഷ്മമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് ദിലീപിന്റെ പങ്കാളിത്തം വ്യക്തമായെന്നും വിധിയില്‍ പറയുന്നു. അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് ഗൂഢാലോചന തെളിയിക്കുന്നത് എന്ന് കോടതി പറഞ്ഞു.

സിനിമാരംഗത്തെ പ്രമുഖനായ ദിലീപിന് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നുള്ള പ്രോസിക്യൂഷൻ വാദത്തെ ഹൈക്കോടതി പൂർണ്ണമായി അംഗീകരിച്ചു. ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികളെ സാധ്വീനിക്കാൻ സാധ്യതയുണ്ട്. കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുണ്ട്. നേരത്തേ കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ വിശദമായി ചോദ്യംചെയ്യാനുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്തി ചോദ്യം ചെയ്യണം എന്നും പ്രോസിക്യൂഷൻ​ കോടതിയെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ