ആലുവ: യുവ നടിയെ ആക്രമിച്ച കേസിലെ ഏട്ടാംപ്രതിയായ നടൻ ദിലീപ് ഇന്ന് വിദേശത്തേക്ക് പോകും. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. ദിലീപിനൊപ്പം അമ്മയും ദുബായിലേക്ക് പോകുന്നുണ്ട്. നാലുദിവസം വിദേശത്ത് തങ്ങാനായി ആറുദിവസത്തേക്ക് പാസ്പോർട്ട് വിട്ടുനൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്.
ഇതുപ്രകാരം കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ എത്തി ദിലീപ് പാസ്പോർട്ട് വാങ്ങിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോൺ വിദേശത്തേക്ക് കടത്തിയെന്ന് പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ വിദേശയാത്രയെയും സംശയത്തോടെയാണ് പൊലീസ് കാണുന്നത്. ദേ പുട്ട് റസ്റ്ററന്‍റിന്റെ ഉദ്ഘാടനത്തിനായാണ് ദുബായ് യാത്ര എന്നാണ് ദിലീപ് പറയുന്നത്.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)