കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സംഗീത മേഖലയില്‍ നിന്നുള്ളവര്‍ ഫെയ്സ്ബുക്ക് വഴി തങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കുന്നു. പാട്ടുകാരിയും വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗവുമായ സയനോര പ്രതികരിക്കുന്നതിങ്ങനെ:
‘ഇന്നാട്ടില് എന്ത് സംഭവിച്ചാലും എനിക്കെന്താ ഹേ! ഞാന്‍ എന്റെ പ്രൊഫൈല്‍ ഫോട്ടം മാറ്റുന്നു, ഞാന്‍ എന്റെ സില്മേന്റെ പോസ്റ്റര്‍ ഇടുന്നു.. ഞാന്‍ എന്റെ സില്‍ബന്തികളുടെ സില്‍മേന്റെം ഫോട്ടം ഇടുന്നു..വിദേശത്ത് പോവുമ്പൊ ബിസിനെസ്സ് ക്ലാസ്സില്‍ ആണെന്നുളളത് നാട്ടാരെ അറിയിക്കുന്നു. ഞാന്‍ ചുറ്റിലും നടക്കുന്ന ഇത്തരം ചീപ് കാര്യങ്ങളില്‍ തല ഇടുന്ന ഒരാള്‍ അല്ല. എനിക്കു ആരോടും ഒരു ദേഷ്യവും ഇല്ല .. സ്നേഹവും ലവലേശം ഇല്ല.എനിക്ക് ഇങ്ങനെ ഈ മോന്തയില്‍ പറ്റി ഇരിക്കുന്ന ഈ കപട ചിരിയും അങ്ങനെ ഇളിച്ചു കാട്ടി സെല്‍ഫിയും എടുത്ത് ഇങ്ങനെ ഒക്കെ പോയാ മാത്രം മതി എന്റെ ദൈവങ്ങളേ.
(സിനിമ തന്നെ ജീവിതം ആക്കുന്ന ചിലരെ ഒക്കെ കാണുമ്പോള്‍ നല്ല രസം ഇണ്ട്..)’
സിനിമ മേഖലയിലെ ക്രിമിനലുകളെ വളര്‍ത്തിക്കൊണ്ടു വരുന്ന കേരളത്തിലെ ‘കുടുംബസദസ്’ എന്ന മാഫിയയെ കൂടി അറസ്റ്റ് ചെയ്യൂ എന്നാണ് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്റെ പ്രതികരണം:
‘ഇതു പോലത്തെ നൂറു ക്രിമിനലുകളെ ഇനിയും വളര്‍ത്താന്‍ തക്ക പൊട്ടന്‍ഷ്യല്‍ ഉള്ള കേരളത്തിലെ ‘കുടുംബസദസ്സ് ‘ എന്ന ക്രിമിനല്‍ മാഫിയയെക്കൂടി ദയവായി ഒന്ന് അറസ്റ്റ് ചെയ്യൂ! തക്ക തെളിവ് അവര്‍ ആര്‍ത്ത് ആസ്വദിച്ച പെണ് വിരുദ്ധ സിനിമകള്‍ തന്നെ! ‘കൂടെയുണ്ടാകണം..പ്രാര്‍ഥിക്കണം’ എന്ന ആ ക്യാപ്ഷനും!’
‘പെണ്‍കുട്ടികള്‍ സധൈര്യം, സ്വയം സംസാരിച്ചു തുടങ്ങുന്നകാലം വരുമ്പോള്‍’ എന്നായിരുന്നു ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രതികരണം.
‘മനസില്‍ ഒരു നടുക്കം.. ഓര്‍ക്കുമ്പോള്‍ വിഷമവും വിശ്വസിക്കാന്‍ പറ്റാതെ നില്ക്കുന്ന ഒരവസ്ഥയും.. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. കേരള പോലീസ് റോക്സ്! ഇനിയെങ്കിലും നിയമത്തെ ഒരു പേടി ഉണ്ടാകട്ടെ എല്ലാവര്ക്കും. സത്യം എന്തായാലും പ്രിയപ്പെട്ട കൂട്ടുകാരിയോടൊപ്പം എന്നത്തേയും പോലെ..’ ജ്യോത്സനയുടെ വാക്കുകൾ.