കൊച്ചി: ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയ ‘അമ്മ’യുടെ നടപടിയില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും ഇത് മലയാള സിനിമയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നു പ്രതീക്ഷിക്കുന്നുവെന്നും നടി രമ്യാ നമ്പീശന്‍. ‘അമ്മ’യുടെ യോഗത്തിനു ശേഷമായിരുന്നു രമ്യയുടെ പ്രതികരണം. ‘അമ്മ’യുടെ മുന്‍ പ്രതികരണത്തില്‍ അതൃപ്തിയുണ്ടായിരുന്നതായും രമ്യ നമ്പീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പുറത്താക്കണമെന്ന തീരുമാനത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നുവെന്നും രമ്യാ നമ്പീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബഹളങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലെന്നും സംയമനത്തോടെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞ രമ്യാ നമ്പീശന്‍, വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചതായും അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഡബ്ല്യൂസിസിയുമായി കൂടിയാലോചിച്ച് ചെയ്യും.
മലയാള സിനിമയില്‍ പുതിയ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയെങ്കിലും തങ്ങള്‍ക്ക് ഭയമില്ലാതെ ജോലി സ്ഥലത്തേക്ക് പോകണം, സിനിമാ നടി എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീയെന്ന നിലയിലും ഭയമില്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കണം. ‘ഞങ്ങള്‍ക്ക് സഞ്ചരിക്കണം, ഞങ്ങള്‍ക്ക് ജീവിക്കണം’ രമ്യ പറഞ്ഞു.
അമ്മയുടെ നേതൃനിരയിലേക്ക് സ്ത്രീകളുടെ സാന്നിദ്ധ്യം കൊണ്ടുവരണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചിട്ടുള്ളതായും രമ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അടിയന്തിരമായി അമ്മ മറ്റൊരു യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിലേക്ക് ഡബ്ല്യൂസിസി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും രമ്യ അറിയിച്ചു. സ്ത്രീകള്‍ക്കെതിരെ ചൂഷണമില്ല എന്ന ശ്രീനിവാസന്റെ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണമെന്നും എന്നാല്‍ അത് തെറ്റായ വിവരമാണെന്നും രമ്യ നമ്പീശന്‍ അഭിപ്രായപ്പെട്ടു.
നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മറ്റു താരങ്ങളുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും അക്രമിക്കപ്പെട്ട നടിയുടെ പേരുപയോഗിച്ച് അവരെ പരിഹസിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും നടന്‍ പൃഥ്വിരാജ് പറഞ്ഞു. സിനിമാ മേഖലയില്‍ കൂടുതല്‍ ക്രിമിനലുകളുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നും പൃഥ്വിരാജ് പ്രതികരിച്ചു.