അങ്കമാലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു നടൻ ദിലീപ് നൽകിയ ഹർജി കോടതി തള്ളി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതിക്ക് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി.
കുറ്റപത്രത്തിനൊപ്പം പൊലീസ് നൽകിയ രേഖകൾ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ വിചാരണസമയത്തു പൊലീസ് സമർപ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നൽകാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകൾ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്.
മൊഴിപകർപ്പുകൾ, വിവിധ പരിശോധനാ ഫലങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളി വിവരങ്ങൾ തുടങ്ങിയവയാണ് ഇത്തരത്തിൽ നൽകിയത്. ഇവ പരിശോധിച്ച് ഉറപ്പുവരുത്താൻ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും നേരത്തെത്തന്നെ കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്.