കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ശബ്ദ പരിശോധനയ്ക്ക് ഹാജരായി. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം രാവിലെ 11ന് തന്നെ ദിലീപും മറ്റുള്ളവരും സ്റ്റുഡിയോയിൽ എത്തി.
സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ ശബ്ദ സന്ദേശങ്ങൾ ദിലീപിന്റെയും കൂട്ടുപ്രതികളുടെയുമാണെന്ന് ശാസ്ത്രീയമായി ഉറപ്പാക്കുന്നതിനാണ് പരിശോധന. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദങ്ങളാണ് പരിശോധിക്കുന്നത്.
കേസിൽ ഹൈക്കോടതി ഇന്നലെ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണത്തില്‍ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കുറ്റാരോപിതര്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം നല്‍കണം, എല്ലാവരും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് തേടി പ്രോസിക്യൂഷനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവില്‍ പറഞ്ഞു.
ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന തെളിവുകള്‍ വച്ച് കുറ്റം നിലനില്‍ക്കില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. കുറ്റാരോപിതര്‍ ഫോണുകള്‍ ഹാജരാക്കിയില്ലെന്ന വാദം നിസഹരണമായി കണക്കാക്കാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപ്, സഹോദരന് ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, ബന്ധുവായ അപ്പു എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.
Also Read: മുന്‍കൂര്‍ ജാമ്യത്തിനുപിന്നാലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്