കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള കുറ്റാരോപിതര്‍ ഫോണുകൾ ക്രൈം ബ്രാഞ്ചിനു കൈമാറുന്നതിൽ ഭയക്കാൻ എന്താണുള്ളതെന്ന് ഹൈക്കോടതി. കുറ്റാരോപിതര്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചെന്നും ഇവ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.
ഇപ്പോൾ ആവശ്യപ്പെടുന്ന ഫോൺ ഈ കുറ്റകൃത്യം ആരോപിക്കപ്പെടുന്ന കാലത്തുള്ളതല്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. വിചാരണ നേരിടുന്ന കേസിൽ ആവശ്യപ്പെട്ടതെല്ലാം നൽകിയിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
പൊലീസ് ആവശ്യപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍ പാജരാക്കാന്‍ കഴിയുമോയെന്നു ചോദിച്ച കോടതി ഫോറന്‍സിക് പരിശോധനയ്ക്ക് പിന്നീട് അയയ്ക്കാമെന്നു പറഞ്ഞു. ഫോൺ സൈബര്‍ വിദഗ്ധന് അയച്ചിരിക്കയാണന്ന വാദം അംഗീകരിക്കാനാവില്ല. പരിശോധന എവിടെ വേണമെന്ന് പിന്നീട് തീരുമാനിക്കാം. ഫോണുകള്‍ സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് അയച്ചത് പ്രതികള്‍ക്കു ദോഷമുണ്ടാക്കുമെന്നും കോടതി പറഞ്ഞു.
എന്നാല്‍, പൊലീസ് നീക്കം സുപ്രീം കോടതി വിധികള്‍ക്കെതിരാണെന്നും സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പല കാര്യങ്ങളും പുറത്തുവരാന്‍ പാടില്ലാത്തതാണ്. മുന്‍ ഭാര്യ മഞ്ജുവാരിയരുമായി നടത്തിയ ഫോണ്‍ സംഭാഷഷങ്ങള്‍ ഉള്‍പ്പടെ ഫോണിലുണ്ട്. അത് വെളിപ്പെടുത്താനാവില്ല. മഞ്ജു നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതിന്റെ രേഖകള്‍ പൊലീസ് കൊണ്ടുപോയി. സിനിമ ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ഭീഷണി. അഭിഭാഷകരുമായുള്ള സംഭാഷണവും ഫോണിലുണ്ട്. അത് വെളിപ്പെടുത്താനാവില്ല.
Also Read: കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി
ബാലചന്ദ്രകുമാറുമായുള്ള സംഭാഷണമുള്ളതു കൊണ്ട് ഫോണുകള്‍ നല്‍കില്ലെന്നു ദിലീപിന് പറയാനാവില്ലെന്നു കോടതി വ്യക്തമാക്കി. അന്വേഷണം എങ്ങനെ മുന്നോട്ടുപോകണമെന്ന് കോടതിക്കു തീരുമാനിക്കാനാവില്ല. ഏതു ഫോറന്‍സിക് വിദഗ്ധനാണു പരിശോധിക്കേണ്ടതെന്നതു ദിലീപല്ല തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.
അതേസമയം, ദിലീപ് അന്വേഷണവുമായി നിസഹകരിക്കുകയാണെന്നു ഡിജിപി ചൂണ്ടിക്കാട്ടി. ദിലീപിന്റെ സ്വകാര്യതയെ മാനിക്കുന്നു. സ്വകാര്യവിവരങ്ങള്‍ പുറത്തുവിടില്ല. ദിലീപിനു കൂടുതല്‍ സമയം നല്‍കരുത്. അത് അപകടകരമാണ്. സ്വന്തം ഫോണ്‍ പരിശോധന നടത്തി തെളിവുകള്‍ ഹാജരാക്കാമെന്ന ദിലീപിന്റെ വാദം കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഫോണുകള്‍ മുദ്രവച്ച കവറില്‍ ദിലീപിന്റെ അഭിഭാഷകന്‍ ജഡ്ജിക്കു മുന്‍പില്‍ ഹാജരാക്കി. ജഡ്ജി അത് തിരിച്ചു കൊടുത്തു. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കട്ടെയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. തങ്ങളുടെ വാദ്ത്തിനുശേഷം കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാമെന്ന് ദിലീപിെന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഫോണുകള്‍ റജിസ്ട്രിക്കു മുന്‍പില്‍ സമര്‍പ്പിച്ചു കൂടെയെന്ന് കോടതിയെുടെ ചോദ്യത്തിന് അതൊരു ആപല്‍ക്കരമായ കീഴ്‌വഴക്കമാവുമെന്നായിരുന്നു ദിലീപിന്റെ വാദം. കേസില്‍ നാളെ 11 മണിക്കു കോടതി വിശദമായ വാദം കേള്‍ക്കും.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കുറ്റാരോപിതര്‍ ഫോണുകള്‍ മാറിയെന്നും ഇവ പിടിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ടെന്നും ക്രൈം ബ്രാഞ്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി ആദ്യവാരത്തിനു മുന്‍പ് കുറ്റാരോപിതര്‍ ഏഴു ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ദിലീപ് മാത്രം നാലു ഫോണും സഹോദരന്‍ അനൂപ് രണ്ടും സഹോദരി ഭര്‍ത്താവ് സുരാജ് ഒരു ഫോണും ഉപയോഗിച്ചുവെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി.
Also Read: ലോകായുക്ത ഭേദഗതി മുഖ്യമന്ത്രിയെ രക്ഷിക്കാന്‍: വി ഡി സതീശന്‍
2017 മുതല്‍ ഉപയോഗിച്ച ഈ ഫോണുകള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ പിടിച്ചെടുക്കേണ്ടതുണ്ട്. ഫോണുകള്‍ അഭിഭാഷകന്‍ മുഖേന ഫോറന്‍സിക് പരിശോധനക്കയച്ചിരിക്കുകയാണന്നാണ് കുറ്റാരോപിതര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. തൊണ്ടിമുതല്‍ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനുമാണു നീക്കം. അന്വേഷണവുമായി സഹകരിക്കണമെന്ന ഉത്തരവ് കുറ്റാരോപിതര്‍ ലംഘിച്ചു. അതിനാല്‍ കോടതിയുടെ മുന്‍ ഉത്തരവിലെ പരിരക്ഷ റദ്ദാക്കണമെന്നും ഹര്‍ജിയിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
ഇന്നലെ ബുധനാഴ്ചത്തേക്കു മാറ്റിയ കേസ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇന്ന് പരിഗണിക്കുന്നത്. അന്വേഷണ റിപ്പോർട്ടും ഡിജിറ്റൽ രേഖകളും പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പ്രതികൾ പുറത്തു തുടരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെടും.
ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യാനുണ്ടെന്നും കേസ് മാറ്റണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റിസ് പി ഗോപിനാഥ് ഹർജികൾ ഇന്നലെ മാറ്റിയത്. ബുധനാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട് മുദ്രവെച്ച കവറിൽ കോടതിക്കു കൈമാറി.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, വി ഐ പി എന്ന് സംശയിക്കുന്ന ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി അനുമതി നൽകിയതിനെ തുടർന്ന് പ്രതികളെ ക്രൈംബ്രാഞ്ച് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.