കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നിന്ന് രഹസ്യരേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി. എന്ത് രഹസ്യരേഖയാണ് കോടതിയിൽ നിന്ന് ചോർന്നതെന്ന് കോടതി ചോദിച്ചു. ചോർന്നെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന രേഖ എ ഡയറിയിൽ നിന്നുള്ളതാണെന്നും അത് രഹസ്യരേഖയല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ വന്നതെങ്ങനെയാണെന്നും അതിൽ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം, ജീവക്കാരെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി രേഖകൾ ചോർന്നതിൽ അന്വേഷണം നടത്താൻ പൊലീസിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. അതിന് അധികാരം കോടതിക്കാണെന്നും വ്യക്തമാക്കി.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസിലെ തെളിവുകൾ മുദ്രവെച്ച കവറിൽ ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറിയിരുന്നു. ഇതിന് ദിലീപ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും.
കോടതിയിലെ രഹസ്യരേഖകൾ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്ന ആവശ്യവുമായി അന്വേഷണ സംഘം സമർപ്പിച്ച ഹർജിയും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കോടതി അലക്ഷ്യ ഹർജിയും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമാണ് കോടതി പരിഗണിച്ചത്. മൂന്ന് ഹര്ജികളും മേയ് ഒമ്പതിന് പരിഗണിക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ഹൈക്കോടതി നിർദേശിച്ച, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
Also Read: ശ്രീനിവാസൻ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ, ഒന്ന് വെട്ടിയ ആളെന്ന് സൂചന