കൊച്ചി: നടിയെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിധി വരും വരെ വിചാരണ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും.

ജഡ്ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാൻ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ നടിയോട് ആരാഞ്ഞു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികൾ ഉണ്ടായപ്പോൾ എന്ത് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എല്ലാത്തിനും എതിർപ്പ് രേഖപ്പെടുത്തേണ്ടെന്ന് തോന്നിയെന്നും എന്നാൽ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.

വിചാരണക്കോടതി മാറ്റണമെന്ന നടിയുടേയും സർക്കാരിന്റെയും ഹർജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് വി.ജി അരുണിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് വിചാരണ തടഞ്ഞുകൊണ്ട് നേരത്തെ ഉത്തരവിട്ടത്.

സാക്ഷി വിസ്‌താരം വിചാരണക്കോടതിയിൽ ആരംഭിക്കാനിരിക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി സാക്ഷി വിസ്താരം തീരുമാനിച്ചത്.

ജഡ്‌ജിക്ക് വിചാരണയുമായി മുന്നോട്ടു പോകാൻ താൽപ്പര്യമുണ്ടോ എന്നന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് ഒരടി മുന്നോട്ടു പോകാനാവുന്നില്ല. സാധാരണ ഒരിക്കലും ഇങ്ങനെ ഒരു ഹർജിയും ആയി വരാറില്ല. പക്ഷേ ഇപ്പൊൾ വേറെ നിർവാഹം ഇല്ല. ഫോറൻസിക് പരിശോധനാ ഫലം എന്താണെന്ന് പ്രോസിക്യൂഷനോടു പറയുന്നില്ല. പ്രോസിക്യൂഷനെ ഇരുട്ടിൽ നിറുത്തിയിരിക്കുകയാണ്. ജഡ്‌ജി ലാബിൽ നേരിട്ട് വിളിച്ചു, തെളിവുകളുടെ കാര്യങ്ങൽ അന്വേഷിച്ചു. പ്രോസികൂഷൻ വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ല. കോടതിയിൽ അനാവശ്യ പരാമർശങ്ങൾ നടത്തി. പല രേഖകളും നൽകിയില്ലന്നും പ്രോസിക്യൂഷൻ അറിയിച്ചു.

പല സാക്ഷികളും കോടതിയിൽ വരാൻ തയ്യാറാണെന്നും സാക്ഷികളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ സത്യവാങ്ങ്മൂലവും സർക്കാർ രേഖകൾ മുദ്രവെച്ച കവറിലും ലഭിച്ചെന്ന് കോടതി അറിയിച്ചു. വിചാരണക്കോടതിയിൽനിന്ന് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെയും സർക്കാരിന്റെയും ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.