കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ (പൾസർ സുനി) കീഴടങ്ങുന്നതിനു മുൻപായി ലക്ഷ്യയിലെത്തുകയും കാവ്യയെയും ദിലീപിനെയും തിരക്കിയെന്നുമായിരുന്നു ഇയാൾ പൊലീസിന് നേരത്തെ മൊഴി നൽകിയത്. ഈ മൊഴിയാണ് മജിസ്ട്രേറ്റിനു മുൻപിൽ ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ലക്ഷ്യയിൽ സുനിൽ കുമാർ വന്നിട്ടില്ലെന്നും താൻ കണ്ടിട്ടില്ലെന്നുമാണ് ലക്ഷ്യയിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പുതിയ മൊഴി. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപായി പൊലീസ് കോടതിയിൽനിന്നും രഹസ്യ മൊഴിയുടെ പകർപ്പ് ശേഖരിച്ചിരുന്നു. അപ്പോഴാണ് ജീവനക്കാരൻ മൊഴി മാറ്റിയതായി മനസ്സിലായത്. ദിലീപ് ജയിലിൽ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസിലെ മുഖ്യ സാക്ഷിയുടെ ഫോണിലേക്ക് കാവ്യയുടെ ഡ്രൈവറുടെ ഫോണിൽനിന്നും പല തവണ കോളുകൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് മജിസ്ട്രേറ്റിനു മുന്നിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. അപ്പോഴാണ് ഇയാൾ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്.

മൊഴി മാറ്റത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ദിലീപുമായി അടുപ്പമുളള കൊച്ചിയിലെ അഭിഭാഷകനുമായി ഇയാൾ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊഴി നൽകുന്നതിന് തൊട്ടുമുൻപ് ആലപ്പുഴയിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ