ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടതു തങ്ങളല്ലെന്നു സുപ്രീം കോടതി. ജസ്റ്റിസ് കെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.
മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിനെതിരെ കേസിലെ പ്രതിയായ ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ ആരെയൊക്കെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതോടെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കാന്‍ പ്രോസിക്യൂഷനു സാധിക്കും. 30 പ്രവൃത്തി ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വിചാരണയ്ക്കു സമയപരിധി നിശ്ചയിക്കാന്‍ കോടതി തയാറായില്ല.
സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പുകളിലെ ശബ്ദം തിരിച്ച് അറിയുന്നതിനാണു മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയോട് ആവശ്യപ്പെട്ടത്. ദിലീപ്, സഹോദരൻ, സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ ശബ്ദമാണു തിരിച്ചറിയാനാണുള്ളത്.