/indian-express-malayalam/media/media_files/uploads/2022/03/Actress-Attack-Case-Kerala-Latest-victim-speaks-fi.jpg)
ചിത്രീകരണം: വിഷ്ണു റാം
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേസ് സംബന്ധിച്ച ആശങ്കകൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ പൂർണ സംതൃപ്തിയെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.
ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയറ്റിലെത്തിയത്. പതിനഞ്ച് മിനിറ്റോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഏറെ നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു അത് ഇപ്പോഴാണ് സാധിച്ചതെന്ന് അതിജീവിത പറഞ്ഞു. കോടതിയില്‍ വന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും നടി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പരിപൂർണവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
ഹർജിക്ക് പിന്നാലെ സിപിഎം നേതാക്കൾ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അതിജീവിത പറഞ്ഞു. ആരുടെയും വാ അടച്ചുവയ്ക്കാനില്ലെന്നും താൻ കടന്നുപോയ കാര്യങ്ങളെ കുറിച്ച് അവര്‍ക്കൊന്നും അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേസിന്റെ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഇടതു മുന്നണി നേതാക്കള്‍, ഹര്‍ജിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും കേസില്‍ ഉന്നതന്റെ അറസ്റ്റോടെ സര്‍ക്കാര്‍ നിലപാട് വ്യക്തമായതാണെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയുമുണ്ടായി. ഇതിനെല്ലാം പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.
Also Read: നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.