കൊച്ചി: ദിലീപിനുവേണ്ടി ഹാജരാകുന്ന ബി.രാമൻപിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർക്കെതിരെ നൽകിയ പരാതി ചട്ടപ്രകാരമല്ലെന്ന് നടിയ്ക്ക് ബാർ കൗൺസിലിന്റെ മറുപടി. പരാതി നൽകേണ്ടതു സംബന്ധിച്ച നടപടിക്രമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ബാർ കൗൺസിൽ സെക്രട്ടിയുടെ മറുപടി.
ബാർ കൗൺസിൽ ചട്ടമനുസരിച്ച് എഴുതി തയാറാക്കിയ പരാതി നേരിട്ട് നൽകണം. ചട്ടപ്രകാരം പരാതി നൽകുന്ന മുറയ്ക്ക് അത് പരിഗണിക്കുമെന്നു കത്തിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് അഭിഭാഷകർക്കെതിരെ അതിജീവിത ഇ-മെയിൽ മുഖേനെ ബാർ കൗൺസിലിനു പരാതി അയച്ചത്. അഭിഭാഷകൻ പെരുമാറ്റച്ചട്ടവും ബാർ കൗൺസിൽ ചട്ടങ്ങളും ലംഘിച്ചതായി നടി പരാതിയിൽ ആരോപിച്ചു.
അഭിഭാഷകനെതിരേ പരാതിക്കൊപ്പം അതിന്റെ 30 പകര്‍പ്പുകളും സ്റ്റാറ്റ്യൂട്ടറി ഫീസായി 2500 രൂപയും നല്‍കണമെന്നാണ് ബാർ കൗൺസിൽ ചട്ടം. ഇത്തരത്തിൽ ലഭിക്കുന്ന പരാതി നമ്പറിട്ട് എതിര്‍കക്ഷികള്‍ക്ക് അയച്ചുനല്‍കും. മറുപടി ലഭിച്ചാല്‍ പരാതിക്കാരെ അറിയിക്കും. തുടർന്ന് ഇരുവര്‍ക്കും പറയാനുള്ളത് കേട്ടശേഷം ബാർ കൗൺസിൽ ജനറല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്യും. തെറ്റ് കണ്ടെത്തിയാല്‍ പരാതി അച്ചടക്ക സമിതിക്കു നടപടിക്കായി വിടും.
ആലപ്പുഴയിലെ ഒരു ഹോട്ടലിൽ വച്ച് ഒരു സാക്ഷിയെ കുറുമാറ്റാൻ ശ്രമം നടത്തിയതിനു പിന്നിൽ പ്രതിഭാഗത്തെ ഒരു അഭിഭാഷകനെതിരെ ആരോപണമുയർന്നിരുന്നു. ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകൾ പരിശോധിച്ച മുംബൈയിലെ ലാബിൽ അഭിഭാഷക സംഘം എത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലും റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി നടി ബാർ കൗൺസിലിനെ സമീപിച്ചത്.
നേരത്തെ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ പ്രതിഷേധം ഉയർത്തിയിരുന്നു.
Also Read: 12- 14 വയസുകാർക്ക് ഇന്ന് മുതൽ വാക്സിൻ; കേരളവും സജ്ജം