ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിധി പറയാനായി സുപ്രീം കോടതി മാറ്റിവച്ചു. മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിലാണ് വിധി പറയുന്നത് മാറ്റിവച്ചിരിക്കുന്നത്. കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്ന് കുറ്റാരോപിതനായ നടൻ ദിലീപ് കോടതിയിൽ പറഞ്ഞു. മെമ്മറി കാർഡ് നൽകരുതെന്ന് ഇരയായ നടി കോടതിയിൽ നിലപാടെടുത്തു.

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും അതിനുളളിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, രേഖയാണെങ്കിൽ അത് കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നാണ് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ദി​ലീ​പ് സു​പ്രീം ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read Also: മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിമുതലോ?: സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപ് ആവശ്യപ്പെട്ടതിനെതിരെ പരാതിക്കാരിയായ നടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്നാണ് നടിയുടെ ആവശ്യം. ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് നടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍ണായ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. മുദ്രവച്ച കവറിലാണ് രേഖകള്‍ നല്‍കിയിരിക്കുന്നത്. സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങള്‍ ലഭിച്ചാല്‍ കുറ്റാരോപിതനായ വ്യക്തി അത് ദുരുപയോഗിക്കുമെന്നും പരാതിക്കാരി നല്‍കിയ അപേക്ഷയില്‍ പറയുന്നു. നടി നല്‍കിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.