കൊച്ചി: നടിയെ അക്രമിച്ച കേസിൽ വിചാരണ നടപടികൾ നാളെ തുടങ്ങും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികൾ നാളെ ഹാജരാകണം. വിദേശ യാത്രയിലായതിനാലാണ് ദിലീപിനെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയത്. കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആദ്യം പ്രതികളുടെ വിടുതൽ ഹർജികളിന്മേൽ വാദം കേൾക്കും. പിന്നീട് കുറ്റപത്രം വായിച്ച ശേഷം മാത്രമായിരിക്കും വിചാരണ ആരംഭിക്കുക.

അതേസമയം കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ കാണാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

Also Read: ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ നല്‍കില്ല, ഹര്‍ജി തള്ളി

ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. അതേസമയം ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കിയിരുന്നു.

Also Read: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണ്. ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രാകാരം ഇതിന്‍റെ പകര്‍പ്പിന് പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശവുമുണ്ട്. എങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് ഈ അവകാശം അനുവദിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ദൃശ്യങ്ങളോ, അതിന്മേലുള്ള റിപ്പോര്‍ട്ടോ ഒരുകാരണവശാലും പുറത്തേക്ക് പോകാന്‍ പാടില്ലയെന്നും വിധിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.