കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാളായ നടി മഞ്ജുവാര്യരെ പ്രത്യേക കോടതി നാളെ വിസ്തരിക്കും. ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു.

നടന്‍ ദിലീപ് പ്രതിയായ കേസില്‍ മഞ്ജുവിനെക്കൂടാതെ നടി ബിന്ദു പണിക്കര്‍, നടന്‍ സിദ്ദിഖ് എന്നിവരെയും കോടതി നാളെ വിസ്തരിക്കുന്നുണ്ട്. നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ച ചാലക്കുടിയിലെ ടെമ്പോ ട്രാവലറിന്റെ ഉടമയെയും ട്രാവല്‍സിലെ ജീവനക്കാരെയും ഇന്ന് കോടതി വിസ്തരിക്കും.

Read Also: ‘ഹിന്ദുവാണോ? രക്ഷപ്പെട്ടു’; ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ടറോട് ആൾക്കൂട്ടം

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ പ്രതിയായ പള്‍സര്‍ സുനിക്ക് വാങ്ങി നല്‍കിയത് സുനിയുടെ ബന്ധുവായിരുന്നു. ഇയാളെയും എത്തിച്ച ഓണ്‍ലൈന്‍ ഏജന്‍സി ജീവനക്കാരനെയും കോടതി ഇന്ന് വിസ്തരിച്ചു.

നേരത്തേ കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളിയിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് ദിലീപ് കോടതിയെ സമീപിച്ചത്. കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 18-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

136 സാക്ഷികളെയാണ് ആദ്യഘട്ടത്തിൽ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂർത്തിയാക്കും. സാക്ഷികളായ നടി രമ്യ നമ്പീശൻ, സഹോദരൻ രാഹുൽ, സംവിധായകൻ ലാലിന്റെ ഡ്രൈവർ എന്നിവരെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു.

പ്രതികൾ പകർത്തിയ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങളുടെ പരിശോധനാ ഫലം പ്രത്യേക കോടതിയിൽ ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ബോധ്യപ്പെടാൻ കോടതി തന്നെയാണ് ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനക്കയച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.