scorecardresearch

Latest News

നടിയെ ആക്രമിച്ച കേസില്‍ അഞ്ച് സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി; പ്രതികളുടെ ഫോണ്‍ രേഖകള്‍ വിളിച്ചുവരുത്താം

അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാമെന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ വ്യക്തമാക്കി

Actress assault case, നടിയെ ആക്രമിച്ച കേസ്, Dileep, ദിലീപ്, HC allows prosecution to examine news witnesses in actress assault case, HC allows prosecution to scrutinize call records of accused in actress assault case, Actress assault case Kerala High Court, anticipatory bail plea Dileep, Actor Dileep news case, Raid in Actor Dileep's house, Actor Dileep new case high Court, Kerala High Court, Kerala Police, crime news, kerala news, latest news, latest kerala news, latest malayalam news, malayalam news, news in malayalam, kerala news, lateset kerala News, indian express malayalam, ie malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാനും പ്രതികളുടെ മൊബൈൽ ഫോണ്‍ രേഖകളുടെ യഥാർഥ പകർപ്പ് വിളിച്ചുവരുത്താനും ഹൈക്കോടതിയുടെ അനുമതി. മൂന്നു സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെതാണ് ഉത്തരവ്.

കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി പ്രോസിക്യൂഷന്റെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു.

നിലീഷ, കണ്ണദാസൻ, സുരേഷ്, ഉഷ, കൃഷ്ണമൂർത്തി എന്നീ സാക്ഷികളെയാണു പുതുതായി വിസ്തരിക്കുക. ഇവരുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.

സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നായിരുന്നു കഴിഞ്ഞ തവണ വാദത്തിനിടെ ഹൈക്കോടതി പരാമര്‍ശിച്ചത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ഇത് പ്രോസിക്യൂഷനു കേസിന് അനുസൃതമായി സാക്ഷിമൊഴികളുണ്ടാക്കാനാണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞിരുന്നു. പ്രോസിക്യൂഷന്റെ പാളിച്ചകള്‍ മറികടക്കുന്നതിനാകരുത് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി

എന്നാല്‍, സത്യം പുറത്തു വരണമെന്നതാണു ലക്ഷ്യമെങ്കില്‍ സാങ്കേതികത്വത്തിന് ഊന്നല്‍ നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണ ഉദ്യോഗസ്ഥനും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും സംഭവിക്കാവുന്ന വീഴ്ചകള്‍ മൂലം സത്യം മൂടിവയ്ക്കപ്പെടരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. പുതിയ വെളിപ്പെടുത്തല്‍ കേസിനെ എങ്ങനെയാണ് സഹായിക്കുകയെന്നു കോടതി ആരാഞ്ഞിരുന്നു.

പുതിയ പ്രോസിക്യൂട്ടറെ 10 ദിവസത്തിനുള്ളിൽ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അല്ലെങ്കിൽ വിചാരണ തുടരാനുള്ള മറ്റു സംവിധാനമൊരുക്കണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷൻ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് ആദ്യ സ്പെഷൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി നിലവിലെ പ്രോസിക്യൂട്ടർ ടി എ അനിൽ കുമാർ രാജി സമർപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. അനിൽ കുമാറിന്റെ രാജി സർക്കാർ സ്വീകരിച്ചിട്ടില്ല.

അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയെന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള പുതിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങൾക്കു പിന്നിലെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകളെന്നുമാണ് പ്രതികളുടെ വാദം.

Read More: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല

ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വസതികളിലും ഓഫിസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ തലേദിവസമായിരുന്നു റെയ്ഡ്. സെർച്ച് വാറണ്ട് പ്രകാരമാണ് പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തിയതെന്നു കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actress attack case relief for prosecution kerala high court