കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി എഎംഎംഎ (അമ്മ) വനിതാ ഭാരവാഹികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ എതിർത്ത് ആക്രമിക്കപ്പെട്ട നടി. നിലവിൽ സംഘടനയുടെ അംഗമല്ല. മറ്റുളളവരുടെ സഹായം കേസിൽ വേണ്ട. പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചിട്ടാണെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കേസിൽ വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന നടിയുടെ ഹർജിയിൽ കക്ഷി ചേരുന്നതിനാണ് എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണൻ കുട്ടിയും ഹണി റോസും ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. 25 വർഷം പരിചയമുളളവരെ കേസിൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഹർജിയിൽ നടിമാർ ആവശ്യപ്പെട്ടിരുന്നു. നടിമാരുടെ ഈ ആവശ്യത്തെ നടിയുടെ അഭിഭാഷകനും സർക്കാരും കോടതിയിൽ എതിർത്തു. നടിയോട് ആലോചിച്ചാണ് പ്രോസിക്യൂട്ടറെ നിയമിച്ചതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
കേസിൽ വനിത ജഡ്ജി വേണമെന്നും കേസ് തൃശൂരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും തളളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഇതിൽ കക്ഷി ചേരാനാണ് അമ്മ ഭാരവാഹികളായ നടിമാർ അപേക്ഷ നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നാലു നടിമാർ അമ്മയിൽനിന്നും രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരാണ് രാജിവച്ചത്. ഇതിനുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘടന എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് എഎംഎംഎയുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്. എന്നാൽ ആദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി അമ്മ ഒരു നടപടിക്ക് തയ്യാറായത്.