കൊച്ചി: നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്ന് മൊഴി. കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) അന്വേഷണ സംഘത്തിനാണ് മൊഴി നൽകിയത്. സുനിൽ കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥയെക്കുറിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

സഹതടവുകാരൻ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനിൽ കുമാർ മൊഴി നൽകി. താൻ പറഞ്ഞിട്ടാണ് സഹതടവുകാരൻ കത്ത് എഴുതിയതെന്നും സുനിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. അതേസമയം, ബ്ലാക്മെയിൽ ചെയ്തെന്ന ദിലീപിന്റെ പരാതിയിൽ കേസ് എടുത്തിട്ടില്ലന്നും കേസിൽ ദിലീപിന്റെ മൊഴി എടുക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും റൂറൽ എസ്‌പി എ.വി.ജോർജ് പറഞ്ഞു.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ പൾസൾ സുനിക്കു വൻതുക വാഗ്ദാനം ചെയ്തതായി സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു വെളിപ്പെടുത്തിയിരുന്നു. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ എന്നിവരോടാണു വിഷ്ണു ഇക്കാര്യം ഫോണിൽ പറഞ്ഞത്. കേസിന്റെ നടത്തിപ്പിനായി ദിലീപ് പണം നൽകണമെന്നും അല്ലെങ്കിൽ മലയാള സിനിമയിലെ ഒരു നടി, നടൻ, നിർമ്മാതാവ് എന്നിവർ നിർദേശിച്ച പ്രകാരം ദിലീപിന്റെ പേരു പൾസർ സുനി പൊലീസിനോടു വെളിപ്പെടുത്തുമെന്നുമാണു വിഷ്ണു പറഞ്ഞത്.

മലയാള സിനിമാരംഗത്ത് അടുത്ത കാലത്തു രൂപപ്പെട്ട ചേരിതിരിവുകളും കുടിപ്പകയുമാണ് നടിയെ ആക്രമിച്ച സംഭവത്തിനും അനുബന്ധ ആരോപണങ്ങൾക്കും വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ