കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ സഹതടവുകാരൻ ജിൻസണിന്റെ മൊഴി പുറത്ത്. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ജിൻസണിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജയിലിൽനിന്നും നാദിർഷായെ ഫോൺ വിളിക്കുന്നത് കേട്ടെന്ന് ജിൻസൺ മൊഴി നൽകിയിട്ടുണ്ട്. സെല്ലിൽ എനിക്കൊപ്പമായിരുന്നു സുനിൽ കുമാർ. ഫോണിൽ പല തവണ ആരെയോ വിളിക്കുന്നത് കേട്ടു. ആരെയാണെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ആണെന്നു പറഞ്ഞു. പണം സംബന്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. പക്ഷേ അതൊരിക്കലും ബ്ലാക്മെയിൽ രൂപത്തിൽ ആയിരുന്നില്ല. സൗഹാർദപരമായിട്ടാണ് സംസാരിച്ചത്. തർക്കമുണ്ടായിരുന്നതായി തോന്നിയില്ല. എന്തോ ഒരു സാധനം കാവ്യയുടെ കടയിൽ ഏൽപ്പിച്ചെന്ന് പറയുന്നത് കേട്ടുവെന്നും ജിൻസൺ നൽകിയ മൊഴിയിലുണ്ട്.

Read More: ജയിലിൽനിന്നും പൾസർ സുനി നാദിർഷയെ വിളിച്ചത് മൂന്നുതവണ; ഫോൺ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും നാദിർഷായെയും കാവ്യയുടെ അമ്മ ശ്യാമളയെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ശാസ്ത്രീയമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. മൊഴികളിൽ വൈരുദ്ധ്യത കണ്ടെത്തിയതിനെത്തുടർന്നാണ് ദിലീപിനെയും നാദിർഷായെയും വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ കാക്കനാടുളള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയിലാണ് ഏല്‍പ്പിച്ചതെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാവ്യ മാധവന്റെ പേരിലാണെങ്കിലും സ്ഥാപനത്തിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അമ്മ ശ്യാമളയെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ