കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ജയിലിൽനിന്നും നാദിർഷയെ മൂന്നു തവണ ഫോൺ വിളിച്ചു. ഫോൺ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒരു കോൾ എട്ടു മിനിറ്റ് നീണ്ടുനിന്നു. പൾസർ സുനി ജയിലിൽനിന്നും വിളിച്ച നാലു നമ്പരുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതിൽ നാദിർഷയുടെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെയും നമ്പരുകളുണ്ട്.

ജയിലിൽനിന്നും തനിക്ക് ഫോൺ കോൾ വന്നതായി നാദിർഷ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ ഫോൺ കോൾ ലഭിച്ച വിവരം ദിലീപിനെ അറിയിച്ചിരുന്നില്ലായെന്നു നാദിർഷ പറഞ്ഞിരുന്നു. ഇത് അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. കാരണം ഒരു കോൾ എട്ടുമിനിറ്റ് വരെ നീണ്ടുനിന്നു. പല കാര്യങ്ങളും ഈ സമയത്തിനുളളിൽ സംസാരിച്ചിരിക്കാം. എന്നിട്ടും ഈ വിവരം തന്റെ ഉറ്റ സുഹൃത്തായ ദിലീപിനെ അറിയിച്ചില്ല എന്ന നാദിർഷയുടെ മൊഴിയാണ് അന്വേഷണ സംഘത്തിന് വിശ്വസിക്കാൻ കഴിയാത്തത്.

അതേസമയം, നടൻ ദിലീപിനെയും നാദിർഷയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യത കണ്ടെത്തിയതിനെത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനമെന്നാണ് സൂചന. പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപ് മൊഴി നൽകിയത്. എന്നാൽ ദിലീപിന്റെ ‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പൾസർ സുനി വന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി നിൽക്കുന്ന ചിത്രങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ജയിലിൽനിന്നും പൾസർ സുനി ഫോൺ ഉപയോഗിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈൽ സുനിൽ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിലാണെന്നും പാചകപ്പുരയിലെ ചാക്കുക്കെട്ടുകൾക്കിടയിൽ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് സഹതടവുകാരൻ സനലാണെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഓരോ തവണയും ഫോൺ ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവിയൽ പെടാതിരിക്കാൻ ടോയ്‌ലറ്റിന്റെ തറയിൽ കിടന്നാണ് ഫോൺ വിളിച്ചതെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ